സ്വന്തം ലായത്തില്‍നിന്ന് കുതിരകള്‍ പുറത്തുചാടിയതിന് ശേഷമേ നാം ഉണരുകയുള്ളൂ

ന്യൂഡല്‍ഹി: പാര്‍ട്ടിയെക്കുറിച്ച് ആശങ്കയുണ്ടെന്നും സ്വന്തം ലായത്തില്‍നിന്ന് കുതിരകള്‍ പുറത്തുചാടിയതിന് ശേഷം മാത്രമേ നാം ഉണരുകയുള്ളൂവെന്നും ട്വീറ്റ് ചെയ്ത് മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ കപില്‍ സിബല്‍. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് സിബലിന്റെ ട്വീറ്റ്. ദേശീയ നേതൃത്വത്തിനെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് കപില്‍ സിബല്‍ ഉന്നയിച്ചത്.

മധ്യപ്രദേശിന് സമാനമായ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജസ്ഥാനും നീങ്ങുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വിയോജിച്ച് തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയേ അദ്ദേഹം പാര്‍ട്ടി വിടുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

രാജസ്ഥന്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് ഗെഹ്ലോട്ട് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ പുറത്തുപോക്ക് തടയാന്‍ ദേശീയ നേതൃത്വത്തിന് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി കമല്‍നാഥുമായുള്ള ഏറെക്കാലത്തെ അകല്‍ച്ചയാണ് സിന്ധ്യയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. ഇവര്‍ തമ്മിലുള്ള പ്രശ്നത്തിന് സമാനമാണ് രാജസ്ഥാനിലുമുള്ളത്. പ്രശ്നം പരിഹരിക്കാന്‍ ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ രണ്ടാമത്തെ സംസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടപ്പെടും.

Top