മോദിജിക്ക് അഭിനന്ദനങ്ങള്‍; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലായതിനെ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിണിയിലായവരുടെ എണ്ണം കൂടുന്നെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

ആഗോള വിശപ്പ് സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ്- ജിഎച്ച്ഐ)യില്‍ 94ാം സ്ഥാനത്തുനിന്ന് 101ാം സ്ഥാനത്തേക്കാണ് ഇന്ത്യ തള്ളപ്പെട്ടത്. പട്ടിണിയും ദാരിദ്രവും നിര്‍മാര്‍ജനം ചെയ്ത് ഇന്ത്യയെ ആഗോള ശക്തിയാക്കുമെന്ന് മോദിയുടെ അവകാശവാദങ്ങളെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ ട്വീറ്റ്.

ഇവയെല്ലാം ഇല്ലാതാക്കിയതിന് മോദിജിയ്ക്ക് അഭിനന്ദനങ്ങള്‍:

1. ദാരിദ്ര്യം
2. വിശപ്പ്
3. ഇന്ത്യയെ ആഗോള ശക്തിയാക്കുക
4. നമ്മുടെ ഡിജിറ്റല്‍ സാമ്പത്തികവ്യവസ്ഥ
5…അങ്ങനെ ഒരുപാട് കാര്യങ്ങള്‍

ആഗോള വിശപ്പ് സൂചികയില്‍ 2020ല്‍ ഇന്ത്യയുടെ സ്ഥാനം 94 ആയിരുന്നു. 2021ലാകട്ടെ 101. ബംഗ്ലാദേശിനും പാക്കിസ്ഥാനും നേപ്പാളിനും പിന്നില്‍’- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. ആഗോള വിശപ്പ് സൂചികയില്‍ 116 രാജ്യങ്ങളുള്ള പട്ടികയില്‍ 110ാം സ്ഥാനത്താണ് ഇന്ത്യ. 2020ല്‍ 94ാം സ്ഥാനത്തായിരുന്ന രാജ്യം ഇത്തവണ പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ്.

ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ 18 രാജ്യങ്ങള്‍ അഞ്ചില്‍ താഴെ ജിഎച്ച്ഐ സ്‌കോറുമായി മുന്‍നിരയില്‍ ഉണ്ട്. പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

 

Top