സംഘടനാ തെരഞ്ഞെടുപ്പ് എന്നുണ്ടാകുമെന്ന് അറിയില്ലെന്ന് കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുമായി തുറന്ന ചര്‍ച്ച നടത്തിയെന്നും പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും എപ്പോഴാണ്, എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദാഹരണത്തിന്, അധ്യക്ഷ തിരഞ്ഞെടുപ്പ്, പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിനും ഒപ്പമാണ് നടത്തുന്നത്. അത് ഭരണഘടനയുടെ ഭാഗമാണ്. ഞങ്ങള്‍ക്ക് അക്കാര്യത്തെ കുറിച്ച് വ്യക്തതയില്ല. പാര്‍ലമെന്ററി ബോര്‍ഡ് പുനരുജ്ജീവിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 19ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു മാസം ആകാറാകുന്നു. എപ്പോള്‍, എങ്ങനെ ഇത് നടക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതികരണം ലഭിച്ചിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം രാഷ്ട്രീയശക്തിയായി പുനരുജ്ജീവിക്കേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്- സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു രാഷ്ട്രീയ ശക്തിയാണെന്നും സാധിക്കുന്നതെല്ലാം അത് ചെയ്യുന്നുണ്ടെന്നും പുനരുജ്ജീവന പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും കരുതുന്നവര്‍ എന്താണ് പല സംസ്ഥാനങ്ങളിലും സംഭവിക്കുന്നതെന്ന് നോക്കണം.
അവിടങ്ങളില്‍ നിരാശ രൂപപ്പെട്ടിരിക്കുന്നത് കാണാം. ഡല്‍ഹിയിലെ പല നേതാക്കളും തന്റെ അടുക്കല്‍ വന്ന് അവിടുത്തെ കാര്യങ്ങളില്‍ കടുത്ത ഉത്കണ്ഠ അറിയിച്ചുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

Top