കോണ്‍ഗ്രസ് നാഥനില്ലാക്കളരി, നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്നും, പാര്‍ട്ടിക്ക് ഇപ്പോള്‍ അധ്യക്ഷനില്ല, ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

സംഘടനാതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ല. നേതൃത്വം വിശ്വസ്തരെന്ന് കരുതിയവര്‍ പാര്‍ട്ടി വിടുന്നു. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും, സംസ്ഥാന അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നത് ശരിയല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

വി.എം.സുധീരന്റെ രാജി അടക്കം ചൂണ്ടിക്കാട്ടിയാണ് കപില്‍ സിബലിന്റെ വിമര്‍ശനം. പഞ്ചാബിലെ പ്രതിസന്ധി പാക്കിസ്ഥാന് ഗുണകരമാകുമെന്നും, അതിര്‍ത്തി സംസ്ഥാനമാണെന്നത് മറക്കരുതെന്നും കപില്‍ സിബല്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഗുരുതരമാണെന്നും എത്രയും വേഗം പരിഹാരം കാണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസ് പുനസംഘടന സുഗമമായി നടക്കണമെങ്കില്‍ ആദ്യം മുതിര്‍ന്ന നേതാക്കളുടെ തമ്മിലടി പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top