കെജ് രിവാളിനെതിരെ രണ്ടുകോടി രൂപയുടെ അഴിമതിയാരോപണവുമായി കപില്‍ മിശ്ര

kapil-misra

ന്യഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ അഴിമതി ആരോപണവുമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ കപില്‍ മിശ്ര രംഗത്ത്.

കെജ് രിവാള്‍ രണ്ടുകോടി രൂപ കൈപ്പറ്റുന്നത് താന്‍ നേരിട്ടുകണ്ടിട്ടുണ്ടെന്ന് കപില്‍ മിശ്ര ആരോപിക്കുന്നു. മന്ത്രിയായ സത്യേന്ദ്രജെയിനില്‍ നിന്ന് കെജ് രിവാള്‍ പണം കൈപ്പറ്റി. ഇതേപ്പറ്റി ചോദ്യം ചെയ്തപ്പോള്‍ രാഷ്ട്രീയത്തില്‍ വിശദീകരിക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

കെജ് രിവാള്‍ പണം കൈപ്പറ്റുന്നത് സംബന്ധിച്ച എല്ലാ തെളിവുകളും ഏത് ഏജന്‍സിക്കും കൈമാറാന്‍ തയ്യാറാണെന്നും കപില്‍ മിശ്ര പറഞ്ഞു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജ് രിവാളിന്റെ ബന്ധുവിന് വേണ്ടി 50കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കപില്‍ മിശ്ര വ്യക്തമാക്കി.

വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടാണ് തന്നെ പുറത്താക്കിയതെന്ന സംസാരമാണ് പുറത്തുള്ളത്. എന്നാല്‍ പുറത്താകാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ അഴിമതിയെക്കുറിച്ച് സംസാരിച്ചതിനാലാണെന്ന് കപില്‍ മിശ്ര പറഞ്ഞു.

മന്ത്രിയായതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരായ റിപ്പോര്‍ട്ട് കെജ്‌ രിവാളിന് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടിന് എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കുമറിയാം. താന്‍ മാത്രമാണ് ആരോപണ വിധേയനാകാത്ത മന്ത്രിയെന്നും സര്‍ക്കാരിലെ അഴിമതിയെക്കുറിച്ചുള്ള തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പുറത്താക്കുന്നതിന് മുമ്പെ താന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ലെന്നും പാര്‍ട്ടിയെ അഴിമതി മുക്തമാക്കുമെന്നും കപില്‍ മിശ്ര പറഞ്ഞു. സത്യേന്ദ്ര ജെയ്‌ന് അകത്താകുന്ന നാള്‍ താന്‍ പറഞ്ഞതൊക്കെ സത്യമാണെന്നു തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top