കൊറോണ; ഫണ്ട് കണ്ടെത്താന്‍ ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ല, ഇന്ത്യയ്ക്ക് ആ പണം ആവശ്യമില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ പണം കണ്ടെത്താന്‍ ക്രിക്കറ്റ് മത്സരമെന്ന ആശയം മുന്നോട്ടുവച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിനെ അക്തറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.

ഇന്ത്യയ്ക്ക് ആ പണം ആവശ്യമില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ലെന്നും കപില്‍ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പണം കണ്ടെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കണമെന്നായിരുന്നു അക്തറിന്റെ നിര്‍ദ്ദേശം. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് ഉള്‍പ്പെടെയുള്ള നിഷ്പക്ഷ വേദികളില്‍ അടച്ചിട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു.

‘അക്തറിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ നമുക്ക് അങ്ങനെ പണം കണ്ടെത്തേണ്ട ആവശ്യമില്ല. നമുക്ക് ആവശ്യത്തിന് പണം കൈവശമുണ്ട്. നമ്മുടെ അധികാരികള്‍ ഈ പ്രതിസന്ധി ഘട്ടത്തെ കൈകാര്യം ചെയ്യാന്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാനം. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ രാഷ്ട്രീയക്കാര്‍ പരസ്പരം കരിവാരി തേക്കുന്നത് കാണാം. അതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്’ കപില്‍ ദേവ് പറഞ്ഞു.

‘എന്തായാലും കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് ബിസിസിഐ 51 കോടി രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്‍കാന്‍ ബിസിസിഐയ്ക്ക് കഴിയും. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല’ കപില്‍ ചൂണ്ടിക്കാട്ടി.

‘ഇപ്പോഴത്തെ അവസ്ഥയില്‍ ലോകം വൈറസ് വ്യാപനത്തിന്റെ പിടിയില്‍നിന്ന് മോചിതരാകാന്‍ കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടുതന്നെ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് ആളുകളുടെ ജീവിതം കൂടുതല്‍ അപകടത്തിലാക്കുന്നത് ശരിയല്ല. അതു നമ്മള്‍ ചെയ്യുകയുമില്ല. റിസ്‌കെടുക്കാന്‍ മാത്രം വലുതല്ല ക്രിക്കറ്റ് മത്സരം. മൂന്നു മത്സരങ്ങള്‍ നടത്തുന്നതിലൂടെ കൂടിപ്പോയാല്‍ എത്ര പണം സമാഹരിക്കാന്‍ നമുക്കാകും? എന്റെ അഭിപ്രായത്തില്‍ അടുത്ത അഞ്ചോ ആറോ മാസത്തേക്ക് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്നതു പോലും ശരിയല്ല’ കപില്‍ പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും വൈറസ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കപില്‍ പറഞ്ഞു. ദുരിതങ്ങളെല്ലാം അവസാനിച്ച് എല്ലാം സാധാരണ നിലയിലാകുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കാം. രാജ്യത്തേക്കാള്‍ വലുതൊന്നുമല്ലല്ലോ ക്രിക്കറ്റ് മത്സരം. പാവപ്പെട്ട ആളുകളെയും ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള മറ്റെല്ലാവരെയും സംരക്ഷിക്കുകയാണ് ഇപ്പോള്‍ പ്രധാനം’ കപില്‍ പറഞ്ഞു.

ഭേദപ്പെട്ട സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള രാജ്യമെന്ന നിലയില്‍ യുഎസിനെ ഉള്‍പ്പെടെ സഹായിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും കപില്‍ അഭിപ്രായപ്പെട്ടു. കോവിഡിനെ നേരിടുന്നതിനുള്ള മരുന്നിന് ഇന്ത്യയുടെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ‘മറ്റുള്ളവരെ സഹായിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതില്‍ നമുക്കു തീര്‍ച്ചയായും അഭിമാനിക്കാം. മറ്റുള്ളവരെ സഹായിച്ചശേഷം അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നത് ശരിയുമല്ല. മറ്റുള്ളവരില്‍നിന്ന് കൂടുതല്‍ മേടിക്കുന്നതിനു പകരം അവര്‍ക്ക് വീണ്ടും വീണ്ടും നല്‍കുന്നതിലാകണം നമ്മുടെ ശ്രദ്ധ’ കപില്‍ പറഞ്ഞു.

തീരെച്ചെറിയ ഒരു സെല്ലിനുള്ളില്‍ ജീവിതത്തിലെ 27 വര്‍ഷങ്ങള്‍ ജീവിച്ചുതീര്‍ത്ത വ്യക്തിയാണ് നെല്‍സന്‍ മണ്ഡേല. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ അവസ്ഥ എത്രയോ മെച്ചമാണ്. കുറഞ്ഞപക്ഷം വീട്ടിലെങ്കിലും താമസിക്കാമല്ലോ. ഇപ്പോഴത്തെ അവസ്ഥയില്‍ ജീവനേക്കാള്‍ വലുതായി ഒന്നുമില്ല. അതു രക്ഷിക്കാനാകണം നമ്മുടെ ശ്രദ്ധ’ എന്നും ലോക്ക് ഡൗണിനെ കുറിച്ച് അദ്ദേഹംപറഞ്ഞു.

Top