കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടി

എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടി. എറണാകുളം കൊമ്പനാട് മാനാംകുഴി വീട്ടില്‍ ലിന്റോയാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് റൂറല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്.

പള്ളിക്കര മേഖലയില്‍ ഇയാള്‍ മയക്കുമരുന്നുമായി എത്തിയെന്ന ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ വീടുവളഞ്ഞ് ലിന്റോയെ പിടികൂടിയത്. മയക്കുമരുന്ന് കേസ്, കൊലപാതക ശ്രമം, മാരകായുധം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന കാപ്പ. 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗൂണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തി.

ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗൂണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.

 

Top