വിദ്വേഷ പ്രചാരണത്തിന് ശ്രമം; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെതിരെ കേസെടുത്ത് കന്യാകുമാരി പൊലീസ്

കന്യാകുമാരി: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെതിരെ കേസെടുത്ത് കന്യാകുമാരി പൊലീസ്. ഒരു മത വിഭാഗത്തിനെതിരെ വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്. ഡിഎംകെ പ്രവർത്തകന്റെ പരാതിയിലാണ് നടപടി. ട്വിറ്ററിലായിരുന്നു കനല്‍ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. കനല്‍ കണ്ണന്റെ ട്വീറ്റീലെ വീഡിയോ കൃത്രിമമാണെന്നും ക്രിസ്തീയ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്നും പരാതിക്കാരനായ ഓസ്റ്റിന്‍ ബെനറ്റ് ആരോപിക്കുന്നത്.

ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കൾച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍. ഇത് ആദ്യമായല്ല കനല്‍ കണ്ണന്‍ വിവാദങ്ങളില്‍ കുടുങ്ങുന്നത്. 2022ല്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാൻ ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കനല്‍ കണ്ണന്‍ അറസ്റ്റിലായിരുന്നു. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് കനൽ കണ്ണൻ ഒരു പ്രസംഗ മധ്യേ ആഹ്വാനം ചെയ്തത്.

ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികൾ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തുന്നത്. എന്നാൽ ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നായിരുന്നു കനൽ കണ്ണൻ അന്ന് പ്രസംഗത്തിൽ പറഞ്ഞത്. ദ്രാവിഡര്‍ കഴകം സ്ഥാപകനായ പെരിയാറിന്റെ വെങ്കല പ്രതിമ 2006ലാണ് ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചത്.

കേസില്‍ കനൽ കണ്ണന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളിൽ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് . നിരവധി സിനിമകളിലും കനൽ കണ്ണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Top