വികാസ് ദുബെയുടെ അടുത്ത അനുയായി അമര്‍ ദുബെയെ യുപി പൊലീസ് വധിച്ചു

ലഖ്‌നോ: കാന്‍പൂര്‍ ഏറ്റുമുട്ടലിലെ പ്രധാന പ്രതിയായ വികാസ് ദുബെയുടെ അടുത്ത അനുയായി അമര്‍ ദുബെയെ ഉത്തര്‍ പ്രദേശ് പൊലീസ് വധിച്ചു. യു.പിയിലെ ഹാമിര്‍പൂരില്‍ ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് അമറിനെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വധിച്ചത്.

കാന്‍പൂരില്‍ 8 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമര്‍ ദുബെയും പ്രതിയാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 25, 000 പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കൊടും കുറ്റവാളി വികാസ് ദുബെക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെ ഉത്തര്‍പ്രദേശ് വിട്ടതായാണ് വിവരം. വികാസ് ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 60ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് പൊലീസുകാര്‍ യു.പിയിലെ ബിക്രു വില്ലേജില്‍ എത്തിയതായിരുന്നു. എന്നാല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാസംഘം വെടിയുതിര്‍ത്തു. ആക്രമണത്തില്‍ എട്ടു പൊലീസുകാരാണ് കൊല്ലപ്പെട്ടത്.

Top