കാമുകനെതിരെ പഴിചാരി രക്ഷപ്പെടാന്‍ ശരണ്യ, വിശ്വാസത്തിലെടുക്കാതെ പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസ്സുള്ള മകനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ അമ്മ ശരണ്യ കാമുകനെതിരായി മൊഴി നല്‍കി. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ശരണ്യയുടെ മൊഴി പൊലീസ് പൂര്‍ണ്ണ വിശ്വാസത്തില്‍ എടുത്തിട്ടില്ല. കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ കാമുകനെതിരെ തെളിവ് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

ശരണ്യയുടെ കാമുകനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.

അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ശരണ്യയുടെയും പ്രണവിന്റെയും വസ്ത്രങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചതോടെയാണ് കൊലപാതകി ആരെന്ന് പൊലീസ് കണ്ടെത്തിയത്. ശരണ്യയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്.

Top