പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടും; കുമ്മനത്തിനെതിരെ പി.കെ ശ്രീമതി എംപി

kummanam

കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പി.കെ ശ്രീമതി എംപി രംഗത്ത്. കുമ്മനത്തിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും അപലപനീയമാണെന്നും ശ്രീമതി പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ മെഡിക്കല്‍ കോളജിന് അനധികൃതമായാണ് അനുമതി ലഭിച്ചതെന്നും അന്ന് ആരോഗ്യമന്ത്രിയായിരുന്ന പി.കെ ശ്രീമതിക്ക് ഇതില്‍ പങ്കുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചിരുന്നു.

2005-ല്‍ യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചത്. 2006-ഏപ്രില്‍ മുതല്‍ പ്രവേശനം നടത്താമെന്നുള്ള അറിയിപ്പ് ഉള്‍പ്പെടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന് ലഭിച്ചിരുന്നു. ഇതിനുശേഷമാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.

വാസ്തവം ഇതായിരിക്കെ വി.എസ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാരിന് വ്യാജ രേഖ സമര്‍പ്പിച്ചാണ് അഞ്ചരക്കണ്ടി കോളജിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന കുമ്മനത്തിന്റെ പ്രസ്താവന അപലപീനയമാണെന്നും കുമ്മനം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.

Top