കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടക വസ്തുക്കള്‍; പിടിച്ചെടുത്ത് പൊലീസ്

കണ്ണൂര്‍: ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ചാലക്കുന്നില്‍ എളയാവൂരിലെ പഴയ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലാണ് 10 കിലോയോളം വെടിമരുന്നുള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

ഒന്നരമാസം മുമ്പ് ഇതേസ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുശേഖരം പൊലീസ് പിടിച്ചെടുത്തിരുന്നു. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ പരിസരത്ത് കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കാടുവെട്ടുന്നതിനിടെയാണ് തൊഴിലാളികള്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടത്.

പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം ക്‌ളോറൈറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, ഉപ്പ്, കരി എന്നിവ പിടിച്ചെടുത്തു. പടക്ക നിര്‍മാണത്തിനുള്ള ഉപകരണങ്ങളും, പാത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത സാമഗ്രികള്‍ ഉഗ്രസോഫോടക ശേഷിയുള്ളതായതിനാല്‍ ബോംബ് നിര്‍മാണത്തിനു വേണ്ടിയാണോ എന്നും പൊലീസിന് സംശയമുണ്ട്.

ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രദേശത്ത് പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. സ്‌ഫോടക വസ്തുക്കള്‍ പരിശോധനക്കായി എറണാകുളത്തെ സ്‌ഫോടകവസ്തു പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.

Top