ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനി ഐസൊലേഷന്‍ വാര്‍ഡില്‍

കണ്ണൂര്‍: ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനിയെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് നാലിനാണ് യുവതി ഇറ്റലിയില്‍ നിന്നെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യുവതി വീട്ടില്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ കഴിയുകയായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം കടുത്ത പനിയും തുമ്മലും അനുഭവപ്പെട്ടതോടെ ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇവരുടെ സ്രവങ്ങളും രക്തവും ഇന്ന് രാവിലെ തന്നെ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് പനിയുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്നും കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ.എന്‍.റോയ് പറഞ്ഞു.

മെഡിക്കല്‍ കോളജിലെ 803-ാം വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പതുപേരുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നെഗറ്റീവായതിനാല്‍ വൈകുന്നേരത്തോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്തേക്കും. ഡിസ്ചാര്‍ജ് ചെയ്താലും കടുത്ത നിയന്ത്രണങ്ങളോടെ രണ്ടാഴ്ച്ചക്കാലമെങ്കിലും വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചായിരിക്കും ഇവരെ വിടുക. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിലവില്‍ കൊറോണ ബാധിച്ച ഒരാള്‍ ഉള്‍പ്പെടെ 24 പേര്‍ നിരീക്ഷണത്തിലാണ്.

Top