അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റര്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌

കണ്ണൂര്‍: അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റര്‍. ഇന്ന് പുലര്‍ച്ചെയാണ് അമ്പായത്തോട് ടൗണില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതായി കണ്ടെത്തിയത്. സിപിഐ (എംഎല്‍) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.

എസ്ഡിപിഐ, പി എഫ് ഐ എന്നീ സംഘടനകള്‍ പൗരത്വ ബില്ലിനെതിരെ നടത്തുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങളും ഹവാല, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പൊതുജനങ്ങള്‍ തിരിച്ചറിയുക, ഓപ്പറേഷന്‍ സമാധാന്‍ തള്ളിക്കളയുക, ഭരണകൂട ഭീകരത അട്ടപ്പാടിയിലും വയനാട്ടിലും നിലമ്പൂരിലും നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് തിരിച്ചടി നല്‍കുക എന്ന സന്ദേശവും പോസ്റ്ററുകളില്‍ ഉണ്ട്.

തിങ്കളാഴ്ച രാത്രിയില്‍ ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ തന്നെയാവാം അമ്പായത്തോടിലും പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top