യാക്കൂബ് വധക്കേസ്: വത്സന്‍ തില്ലങ്കേരി അടക്കം 11 പേരെ വെറുതെവിട്ടു; അഞ്ച് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍

തലശ്ശേരി: കണ്ണൂര്‍ യാക്കൂബ് വധക്കേസില്‍ കോടതി വിധി പ്രസ്താവിച്ചു. കേസില്‍ അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ ആറു മുതല്‍ 16 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി.കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ അല്പസമയത്തിനകം വിധിക്കും.ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ ആറുമുതല്‍ 16 വരെയുള്ള പ്രതികളെയാണ് കോടതി വെറുതെവിട്ടത്.

2006 ജൂണ്‍ 13-നാണ് സി.പി.എം. പ്രവര്‍ത്തകനായ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകരായ 16 പേരായിരുന്നു കേസിലെ പ്രതികള്‍.

Top