കണ്ണൂർ വി.സി പുനര്‍നിയമനം: മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉന്നയിച്ചത് അതീവ ഗൗരവമായ ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂര്‍ തന്റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണർ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. എല്ലാ കാര്യത്തിലും മുഖ്യമന്ത്രി മൗനം പാലിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ സ്വാധീനിച്ച് സര്‍വകലാശാല നിയമങ്ങളെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി വി.സിക്ക് പുനര്‍നിയമനം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നാണ് ആരോപണം. പ്രതിപക്ഷമല്ല, സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറാണ് മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇങ്ങനെയാണോ സര്‍വകലാശാലയെ നിയന്ത്രിക്കുന്നത്.

പരിതാപകരമായ അവസ്ഥയിലാണ് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്. വലിയ തുറയില്‍ സിമെന്റ് ഗോഡൗണില്‍ കഴിയുന്നവരെ വാടക വീടുകളിലേക്കെങ്കിലും മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണം. അതിനു ശേഷം സ്ഥിരമായി പുനരധിവസിപ്പിക്കണം. സര്‍ക്കാരിന്റെ കൂടി അറിവോടെയാണ് അദാനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാരും അദാനിയും നടത്തുന്നത്.

അനുമതി വാങ്ങാതെയാണ് കോണ്‍സുല്‍ ജനറലിനെ മുഖ്യമന്ത്രി കണ്ടത്. കോണ്‍സുലേറ്റും സര്‍ക്കാരും തമ്മില്‍ എന്തെങ്കിലും അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നോ? ആരോപണ വിധേയനായ കോണ്‍സുലേറ്റ് ജനറലുമായുള്ള ഔദ്യോഗികമല്ലാത്ത കൂടിക്കാഴ്ച്ചകള്‍ എന്തിന് വേണ്ടിയായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Top