കേരള ഗവർണർക്ക് മറുപടി നൽകി കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂര്‍: കാരണം കാണിക്കൽ നോട്ടീസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി. അഭിഭാഷകൻ മുഖേനയാണ് ഗോപിനാഥ് രവീന്ദ്രൻ ഗവര്‍ണര്‍ക്ക് മറുപടി നൽകിയത്. നിയമനത്തിൽ ചട്ടലംഘനമെന്ന ആരോപണം തള്ളിയാണ് കണ്ണൂർ വി സിയുടെ മറുപടി. പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നൽകിയ സമയ പരിധി ഇന്ന് അവസാനിരിക്കെയാണ് വി സി മറുപടി നൽകിയത്.

ഏഴ് വിസിമാര്‍ നേരത്തെ തന്നെ ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്. അഞ്ച് മണിക്കാണ് സമയപരിധി തീരുക. മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നൽകിയ വിസിമാർ ഗവർണറെ അറിയിച്ചത്.

അതിനിടെ, കേരള സർവകലാശാല വിസി നിയമനത്തിനുള്ള നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയെത്തി. സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിന് നിർദേശം നൽകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം തുടർന്നടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സർവകലാശാലയിലെ സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

 

Top