കണ്ണൂര്‍ വി സി നിയമനം; ഗവര്‍ണര്‍ക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമനത്തിനുള്ള അധികാരം ചാന്‍സിലര്‍ക്ക് മാത്രമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ബാഹ്യശക്തി സമ്മര്‍ദം ചെലുത്തുമ്പോള്‍ റബ്ബര്‍ സ്റ്റാമ്പുപോലെ പ്രവര്‍ത്തിക്കരുതെന്നും ഗവര്‍ണറുടെ നടപടി അമ്പരപ്പുണ്ടാക്കിയെന്നും കോടതി പറഞ്ഞു.

കണ്ണൂര്‍ വിസിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം അസാധുവാക്കിക്കൊണ്ടുള്ള 72 പേജുകളുള്ള വിധിയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്. വിധിയില്‍ 71-ാം പോയിന്റായാണ് ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പാകരുതെന്ന് സുപ്രിംകോടതി വിമര്‍ശിച്ചിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് അധികാരങ്ങളില്ലാത്ത ഒരു സ്ഥാനം ചെലുത്തുന്ന സമ്മര്‍ദത്തിന് വിധേയപ്പെടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനല്ല. അതുകൊണ്ടുതന്നെ നടപടി ചട്ടവിരുദ്ധമാണെന്ന് കോടതിയ്ക്ക് കരുതേണ്ടിവരും. സുതാര്യതയില്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും സുപ്രിംകോടതി ചൂണ്ടികാണിച്ചു.

വി സിയുടെ നിയമനത്തിന് അധികാരമോ അവകാശമോ ഇല്ലാത്ത ഭാഗത്തുനിന്നും നിയമനത്തിന് സമ്മര്‍ദമുണ്ടായി എന്നുള്‍പ്പെടെ നിരീക്ഷിച്ചുകൊണ്ടാണ് ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദമുണ്ടായെന്ന ആരോപണത്തെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍. സമ്മര്‍ദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടികാണിച്ചു. അതുകൊണ്ട് ഡോ. രവീന്ദ്രന്‍ ഗോപിനാഥന് പുനര്‍നിയമനം നല്‍കിയ നടപടി നിലനില്‍ക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

4 പ്രധാന വിഷയങ്ങള്‍ പരിഗണിച്ചാണ് സുപ്രിംകോടതി കേസില്‍ വിധി പറഞ്ഞത്. പുനര്‍നിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പുനര്‍നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ നിര്‍ബന്ധമല്ലെന്ന വസ്തുതയും കോടതി പരിഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതില്‍ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സര്‍ക്കാരിന് അടിതെറ്റിയത്. ചാന്‍സലാറായ ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനര്‍നിയമനം സുപ്രിംകോടതി അസാധുവാക്കിയത്.

Top