കണ്ണൂര്‍ വി സി നിയമനം; അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലാ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഇന്ന് പരിഗണിക്കും.

സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ.ഷിനോ.പി. ജോസ് എന്നിവരാണ് ഹര്‍ജിക്കാര്‍. സര്‍വകലാശാലാ നിയമമനുസരിച്ച്‌ 60 വയസിനു മുകളിലുള്ള വ്യക്തിയെ വി.സിയായി നിയമിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമനവും പുനര്‍നിയമനവും വ്യത്യസ്തമാണെന്നും പുനര്‍നിയമനത്തിന് പ്രായപരിധി പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി സിംഗിള്‍ബെഞ്ച് കഴിഞ്ഞ ദിവസം ഹര്‍ജി തള്ളിയിരുന്നു.

ഇതു ശരിയല്ലെന്നും പുനര്‍നിയമനത്തിനും വ്യവസ്ഥകള്‍ ബാധകമാണെന്നും അപ്പീലില്‍ പറയുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നും ഡോ. ഗോപിനാഥ് പദവിയില്‍ തുടരുന്നതു തടയണമെന്നുമാണ് അപ്പീലിലെ ആവശ്യം.

അതേസമയം കണ്ണൂര്‍ വിസി നിയമനത്തിലടക്കം സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും. ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇതില്‍ ഇനിയും തീരുമാനം എടുക്കാന്‍ ആയിട്ടില്ല. ഗവര്‍ണറെ അനുനയിപ്പിച്ച്‌ പ്രശ്നം ഒത്തുതീര്‍പ്പിലാക്കാനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടാവും. കൊച്ചിയില്‍ ഇന്ന് രാത്രിയാണ് ഗവര്‍ണര്‍ എത്തുന്നത്.

Top