സിലബസ് വിവാദം; പരിശോധനയ്ക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചതായി കണ്ണൂര്‍ സര്‍വകലാശാല വി.സി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പരിശോധിക്കുന്നതിനും പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. കാവിവല്‍ക്കരണം എന്ന പ്രചാരണം ശരിയല്ലെന്നും വിമര്‍ശനാത്മക, താരതമ്യ പഠനത്തിനാണ് ചില പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും വി സി വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച എം എ പൊളിറ്റിക്‌സ് ആന്‍ഡ് ഗവേര്‍ണന്‍സ് കോഴ്‌സിന്റെ സിലബസിനെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍. അക്കാദമിക് രംഗത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം എന്ന പ്രചരണം ശരിയല്ലെന്ന് വി സി പറഞ്ഞു.

വിമര്‍ശനാത്മക താരതമ്യ പഠനത്തിനാണ് ഹിന്ദുത്വ സൈദ്ധാന്തികരുടെ പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത്. സിലബസ് പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യില്ല. എന്നാല്‍, വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പരിശോധനയ്ക്കായി രണ്ടംഗ വിദഗ്ദ സമിതിയെ നിയോഗിച്ചതായും വിസി വ്യക്തമാക്കി.

കേരള സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജെ പ്രഭാഷ്, കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ പവിത്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെയാണ് സിലബസ് പരിശോധനയ്ക്കായി നിയോഗിച്ചത്. അഞ്ച് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാവി വത്കരണം ഇല്ലെങ്കിലും സിലബസില്‍ മറ്റ് ചില പോരായ്മകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും വിദഗ്ദ സമിതി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി സി വ്യക്തമാക്കി.

Top