കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് എ നസീറിന്റെര ബെഞ്ചാണ് കേസ് പരിഗണിക്കുക.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

ഇരുവരുടെയും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ഏപ്രിലില്‍ എതിര്‍കക്ഷിയായ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കുവേണ്ടി അഭിഭാഷകരാരും ഇതുവരെ വക്കാലത്ത് ഇട്ടിട്ടില്ല.

ഈ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല. സുപ്രീം കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ സാവകാശം തേടി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ സുപ്രീം കോടതിക്ക് കത്തുനല്‍കി. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിസിയുടെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Top