കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം; ലോകായുക്തയില്‍ മുഖ്യമന്ത്രിയേയും കക്ഷി ചേര്‍ക്കാന്‍ നീക്കം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമന കേസില്‍, ലോകായുക്തയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കക്ഷി ചേര്‍ക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് നാളെ ഹര്‍ജി നല്‍കും എന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ അറിയിച്ചു. രാജ് ഭവന്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. നാളെ ലോകായുക്ത കേസ് പരിഗണിക്കാനിരിക്കെയാണ് ഇത്തരം നീക്കം.

വിസി നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ വാദം രാജ് ഭവന്‍ ഇന്ന് തള്ളിയിരുന്നു. വിസി പുനര്‍ നിയമനത്തിന് രാജ് ഭവന്‍ നിര്‍ദേശം നല്‍കിയില്ല എന്നാണ് വിശദീകരണം. പുനര്‍ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്നാണ്.

പുനര്‍ നിയമനം നല്‍കണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ നേരിട്ട് എത്തി ആവശ്യപ്പെട്ടു. പുനര്‍ നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനര്‍ നിയമനം നിയമ പരമായി നിലനില്‍ക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെയും കക്ഷി ചേര്‍ക്കാനുള്ള നീക്കം.

Top