ഉത്തരക്കടലാസ് ഉപേക്ഷിക്കപ്പെട്ട സംഭവം: ക്രൈബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

കണ്ണൂര്‍ : ഉത്തരക്കടലാസ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ ശുപാര്‍ശ.

രണ്ട് താത്കാലിക ജീവനക്കാര്‍ ഉത്തരക്കടലാസ് മോഷ്ടിച്ചതാണോ എന്ന് സംശയമുണ്ടെന്നും സര്‍വകലാശാലാ തലത്തില്‍ അന്വേഷണം നടത്തുമെന്നും വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു.

പ്രോ വൈസ് ചാന്‍സലറാണ് പ്രാഥമിക അന്വേഷണം നടത്തി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സംഭവം സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

ബിഎ ഇംഗ്ലീഷ് അവസാന വര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസാണ് കളഞ്ഞു കിട്ടിയത്. പാപ്പിനിശ്ശേരി സ്വദേശിയായ ബി.മുഹമ്മദിനാണ് ഉത്തര കടലാസ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീണു കിട്ടിയത്.

ഭിന്നശേഷിക്കാരനായ മാനനന്തവാടിയിലെ ടോം കെ.ഷാജിയുടെ (ജി.എം 14 എ.ഇ.ജി.ആര്‍ 28) എന്ന രജിസ്ട്രര്‍ നമ്പറുളള ഉത്തരകടലാസാണ് കിട്ടിയത്.

മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി പരീക്ഷ എഴുതിയത്. കഴിഞ്ഞ ജൂണ്‍ 21ന് ഫലം വന്ന പരീക്ഷയുടെ ഉത്തര കടലാസാണ് മൂല്യം നിര്‍ണയം നടത്താതെ വഴിയരികില്‍ ഉപേക്ഷിച്ചത്.

പ്രൊജക്ട് സമര്‍പ്പിക്കാത്തതിനാല്‍ ടോം ഷാജി എന്ന വിദ്യാര്‍ഥിയുടെ ഫലം സര്‍വകലാശാല തടഞ്ഞു വച്ചിരുന്നു.

അതിനു പിന്നാലെയാണ് മൂല്യ നിര്‍ണയം പോലൂം നടത്താതെ ഉത്തരകടലാസ് വഴിയരികില്‍ ഉപേക്ഷിച്ചത്.ടോം ഷാജിയുടേത് കൂടാതെ ഇതേ പരീക്ഷയുടെ 25 ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Top