മികച്ച സ്ക്രീൻ കൗണ്ടുമായി നാലാം വാരവും ‘കണ്ണൂർ സ്ക്വാഡ്’; ലിയോ’യ്ക്ക് മുന്നിൽ പതറാതെ ചിത്രം

പ്രീ– സെയിൽ ബിസിനസിലൂടെ തന്നെ റെക്കോർഡ് ഇട്ട ലിയോ അറുന്നൂറോളം സ്ക്രീനുകളിലാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. മികച്ച പ്രതികരണം നേടി വിജയ് ചിത്രം മുന്നേറുമ്പോൾ, വിട്ടുകൊടുക്കാൻ മനസില്ലെന്ന് പറഞ്ഞ് തൊട്ടുപിന്നാലെ മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡും’ഉണ്ട്. വൻ ഹൈപ്പുള്ള ലിയോ റിലീസ് ചെയ്തിട്ടും മികച്ച സ്ക്രീൻ കൗണ്ട് തന്നെ മമ്മൂട്ടി ചിത്രം മെയ്ന്റൈൻ ചെയ്യുന്നുണ്ട്. നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

130ൽ അധികം സ്ക്രീനുകളിൽ ആണ് കണ്ണൂർ സ്ക്വാഡ് നാലാം വാരത്തിൽ പ്രദർശിപ്പിക്കുക. തിരുവനന്തപുരത്ത് മാത്രം പത്തോളം തിയറ്ററുകളിലാണ് കണ്ണൂർ സ്ക്വാഡ് പ്രദർശിപ്പിക്കുന്നത്. തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടു കൊണ്ട് പുതിയ പോസ്റ്ററും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. ‘ഞങ്ങളെ സ്വീകരിച്ച പ്രേക്ഷകരെ വിട്ടിട്ട് വരാൻ ഞങ്ങൾക്ക് മനസ്സില്ല സാറേ’, എന്നാണ് പോസ്റ്റർ വാചകം. പോസ്റ്റർ പങ്കുവച്ച മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

‘ലിയോ വന്നപ്പോൾ എടുത്ത് കളയുമോ എന്നൊരു പേടിയുണ്ടായിരുന്നു. കളയരുത്, മാരാര് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, തീയേറ്ററിൽ കാണാത്ത, കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ ഇനിയും ഉണ്ട്. എല്ലാരും കണ്ട് ആഘോഷിക്കട്ടെ ഈ പൂജ അവധിക്കാലം..,ലിയോ 2 ദിവസം ഉണ്ടാകും. അത് കഴിഞ്ഞാൽ ബാക്കി എല്ലാരും വരും, ആരൊക്കെ വന്നാലും പോയാലും ജോർജ്ജ് മാർട്ടിനും ടീമും ഇവിടെ തന്നെ ഉണ്ടാകും’, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.

അതേസമയം, റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 75 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കണ്ണൂർ സ്ക്വാഡ്. നാലാം വാരം പൂജ ഹോളിഡേയ്സ് ആണ് വരുന്നത്. അതുകൊണ്ട് തന്നെ മികച്ച കളക്ഷൻ ചിത്രത്തിന് നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. 100 കോടി എന്തായാലും ഒരുമാസത്തിൽ മമ്മൂട്ടി ചിത്രം നേടുമെന്ന് ഉറപ്പാണ്.

Top