kannur political murder; media boost murders

കണ്ണൂര്‍: കണ്ണൂരിന് വേണ്ടി കണ്ണീരൊഴുക്കി ചാനലുകള്‍ പരമ്പര തുടരുമ്പോഴും സമാധാനത്തിന് പരസ്യമായി നേതാക്കള്‍ ആഹ്വാനം ചെയ്യുമ്പോഴും അണിയറയില്‍ പ്രതികാര ദാഹികള്‍ കണക്ക് തീര്‍ക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യന്വേഷണ വിഭാഗം.

സമാധാനത്തിനായി ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചാല്‍ അദ്ദേഹം തുടര്‍ നടപടി സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിന് മറുപടി കൊടുത്ത ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് കോടിയേരിയുടെ വാക്കുകള്‍ മാടമ്പിത്തരമാണെന്ന് തുറന്നടിച്ച് രംഗത്ത് വന്നത് വീണ്ടും ആശങ്കയുടെ കരിനിഴല്‍ പടര്‍ത്തിയിരിക്കുകയാണ്.

ആര്‍എസ്എസ് നേതൃത്വവും ബിജെപിയും മുഖ്യമന്ത്രിയേയോ സിപിഎം നേതാക്കളേയോ അങ്ങോട്ട് ചെന്നുകാണുന്ന പ്രശ്‌നമില്ലെന്നാണ് എം.ടി രമേശ് വ്യക്തമാക്കിയത്.

മുന്‍പ് പാടത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന് പറഞ്ഞ കോടിയേരിയോട് പാടത്തെ പണി തങ്ങള്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രമേശ് വ്യക്തമാക്കിയിരുന്നു.

അടുത്തയിടെ പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെ പിതാവും സമാനമായ രൂപത്തില്‍ നേരത്തെ കൊല്ലപ്പെട്ടതിനാല്‍ അതി വൈകാരികമായാണ് ഈ കൊലപാതകത്തെ സംഘപരിവാര്‍ കാണുന്നത്.

അടിക്ക് തിരിച്ചടിക്കാതെ കണ്ണൂരില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ പ്രതികരണം ഉണ്ടായേ പറ്റൂ എന്ന വികാരത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍.
നേതൃത്വമാകട്ടെ അണികളെ നിഷേധിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്.

സിപിഎം സംസ്ഥാനഭരണത്തിലിരിക്കെ എന്തുതരം ആക്രമണം സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായാലും ബിജെപി നേതാക്കളടക്കം വേട്ടയാടപ്പെടുമെന്ന ആശങ്ക ചില നേതാക്കള്‍ക്കുണ്ട്.

എന്നാല്‍ തിരിച്ച് പ്രതികരിക്കാതെ സമാധാനശ്രമവുമായി നാട്ടിലിറങ്ങിയാല്‍ അണികള്‍ തന്നെ കൈകാര്യം ചെയ്യുമോ എന്ന ഭീതിയും ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ചില ചാനലുകളും പത്രങ്ങളും കണ്ണൂരിലെ കഴിഞ്ഞകാല ആക്രമണ സംഭവങ്ങളെ കുറിച്ചും ഇപ്പോഴും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളെകുറിച്ചും പരമ്പരകള്‍ തുടങ്ങിയത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് കാരണമാകുമോയെന്ന ആശങ്ക പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുമുണ്ട്.

അവയവങ്ങളറ്റ് ദുരിത ജിവിതം നയിക്കുന്ന സിപിഎം, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദയനീയ ആവസ്ഥ ഇരു പാര്‍ട്ടികളുടെയും അണികള്‍ക്കിടയില്‍ വൈകാരികമായി തന്നെ ബാധിച്ച് തുടങ്ങിയതായാണ് വിവരം.

മാധ്യമ കിടാമത്സരത്തില്‍ മുന്നിലെത്താന്‍ കണ്ണൂരിലെ ജീവിക്കുന്ന രക്തസാക്ഷികളെ ആയുധമാക്കുന്നതിനെതിരെ സിപിഎം, ബിജെപി അണികള്‍ക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്.

മാധ്യമ വാര്‍ത്ത കണ്ട് തിരുത്തിയ പാരമ്പര്യമല്ല കണ്ണൂരിന് എന്നാണ് ഇതു സംബന്ധമായ പരമ്പരയെ പരാമര്‍ശിച്ച് കണ്ണൂരിലെ ഒരു പ്രമുഖ നേതാവ് പ്രതികരിച്ചത്.

സ്വയം സമര്‍പ്പിതമായ ജീവിതം വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് നല്‍കുന്ന കേഡര്‍മാരെ സംബന്ധിച്ച് സ്വന്തം പാര്‍ട്ടി പറയുന്നത് തന്നെയാണ് വേദവാക്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടികാട്ടുന്നത്.

എന്നാല്‍ ആവശ്യമില്ലാതെ തിരുത്താന്‍ ചെന്നാല്‍ നേതാക്കളെ തുരുത്താന്‍ പോലും മടിക്കാത്ത കേഡര്‍മാരും കണ്ണൂരിലുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

എല്ലാ ആക്രമണങ്ങളുടെയും തുടക്കം ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നാണെന്നാണ് സിപിഎം ആരോപണം.അത് കൊണ്ട് തന്നെ അവര്‍ തിരുത്തിയാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു.

സിപിഎം അനുഭാവികള്‍ ബിജെപിയിലേക്ക് വരുന്നതും യുവാക്കള്‍ക്കിടയില്‍ ആര്‍.എസ്.എസിനു സ്വാധീനം വര്‍ദ്ധിക്കുന്നതുമാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

ഇരു വിഭാഗവും ആക്രമങ്ങളെ സംബന്ധിച്ച് പരസ്പരം പഴിചാരുമ്പോഴും വിസ്മരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്.അത് മുന്‍പ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരും, ജീവിക്കുന്ന രക്തസാക്ഷികളുമായ നിരവധി പേരുടെ കുടുംബാംഗങ്ങളും സുഹ്യത്തുക്കളുമെല്ലാം പക മനസ്സില്‍ സുക്ഷിച്ചാണ് ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം.

ഒരു അവസരം ലഭിക്കുന്നതിനായി കാത്തിരിക്കുന്ന…തയ്യാറെടുപ്പ് നടത്തുന്ന… അവരിലൊരാളായിരുന്നു കൊല്ലപ്പെട്ട രമിത്ത് എന്നാണ് പറയപ്പെടുന്നത്.

സ്വന്തം പിതാവിനെ വെട്ടിനുറുക്കിയവരോടുള്ള ഈ യുവാവിന്റെ ‘പകയെ’ എതിരാളികള്‍ ഭയപ്പെട്ടിരുന്നു എന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് രഹസ്യമായി പൊലീസ് ഉദ്ദ്യോഗസ്ഥരും സമ്മതിക്കുന്നത്.

ഇത്തരത്തില്‍ മുറിവേറ്റ നിരവധി മനസുകളിലേക്കാണ് ചാനല്‍ റെയ്റ്റിങ്ങിന്റെ ഭാഗമായി ജീവിക്കുന്ന രക്തസാക്ഷികളുടെ ചരിത്രം ചികയുന്നവര്‍ തീകോരിയിടുന്നത്.

Top