പെരിയയില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂര്‍ പൊലീസ്

കല്‍പറ്റ: വയനാട് പെരിയയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂര്‍ സിറ്റി പൊലീസ്. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവര്‍ക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവര്‍ തലശ്ശേരിയില്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് നോട്ടീസ്. ഇവര്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലില്‍ പൊലീസ് 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഉണ്ണിമായ, ചന്ദ്രു എന്നിവരാണ് പൊലീസ് പിടിയിലായത്. പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പെരിയയിലും വിലസിയ മാവോയിസ്റ്റുകളില്‍ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്.

കഴിഞ്ഞ ദിവസം, ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടില്‍ രാത്രി എത്തിയതായിരുന്നു നാലംഗ സായുധസംഘം. മൊബൈല്‍ ഫോണുകള്‍ ചാര്‍ജിന് വെച്ച് ഭക്ഷണം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവര്‍ക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ സന്ദേശ വാഹകന്‍ തമ്പി എന്ന ഷിബുവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പോലീസ് നീക്കത്തിനു വഴി ഒരുക്കിയത്.

Top