കണ്ണൂര്‍ ജില്ലയിലെ അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് എത്താന്‍ ഡിജിപി നിര്‍ദേശം

loknath-behra

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടിയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കണ്ണൂര്‍ ജില്ലയിലെ അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അക്രമ സംഭവങ്ങള്‍ തടയാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്നും രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹറ അറിയിച്ചിരുന്നു.

കണ്ണൂര്‍ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ വന്‍ പൊലീസ് സന്നാഹം തലശേരിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരെ ഇരിട്ടി തലശ്ശേരി എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ വിന്യസിച്ചിട്ടുണ്ട്. അക്രമം പടരാതിരിക്കാന്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്.

സംഭവമുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രിയില്‍ 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അക്രമങ്ങളില്‍ ഇതുവരെ 260 പേരെ അറസ്റ്റ് ചെയ്തു. 143 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ സിപിഎംആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.

Top