കണ്ണൂരില്‍ സമാധാന യോഗത്തില്‍ ബഹളം; കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ബഹിഷ്‌ക്കരിച്ചു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബഹളം. കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തിനൊടുവില്‍ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.

യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ വിളിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. കെ.കെ.രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയതും തര്‍ക്കത്തിനിടയാക്കി. ഇതോടെ യോഗത്തിന്റെ അധ്യക്ഷന്‍ എ.കെ. ബാലന്‍ വിഷയത്തില്‍ ഇടപെട്ടു. ജനപ്രതിനിധികളുടെ യോഗമല്ല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്നും ബാലന്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയില്‍ രാഗേഷ് വേദിയില്‍ ഇരിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് പി. ജയരാജനും സതീശന്‍ പാച്ചേനിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി. ഇതിനുശേഷം യോഗത്തില്‍നിന്നും യുഡിഎഫ് ഇറങ്ങിപ്പോകുകയായിരുന്നു.

മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാതെ ഇനി യോഗത്തില്‍ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. സമാധാന യോഗത്തില്‍ യുഡിഎഫിന്റെ നാടകമാണ് കാണാന്‍ സാധിച്ചതെന്ന് പി. ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് യുഡിഎഫ് അംഗങ്ങളുടെ അഭാവത്തില്‍ സമാധാന യോഗം തുടരുകയായിരുന്നു.

Top