കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിമർശനവുമായി എംവി ജയരാജൻ

കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ സിപിഎം നേതാവ് പി ജയരാജന്റെ ചിത്രം പതിച്ച സംഭവത്തിൽ പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം ഉൾപ്പെടുത്തിയത്.

വിശ്വാസം രാഷ്ട്രിയ വൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് എം വി ജയരാജൻ പറഞ്ഞു. ‘കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാൻ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വർഗീയ സംഘടനകൾ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താൻ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്’- എംവി ജയരാജൻ പറഞ്ഞു.

പി ജയരാജനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപൂജാ വിവാദം നേരത്തെയും വിവാദത്തിന് കാരണമായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ പുതിയ വിവാദം ഉണ്ടായതെങ്കിലും ഇതിനോട് പി ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top