കണ്ണൂർ വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; മേലുദ്യോഗസ്ഥനെ സ്ഥലം മാറ്റി

കണ്ണൂർ : അഴീക്കോട് വൃദ്ധസദനത്തിലെ മേട്രൻ ജ്യോസ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജ്യോസ്ന ആത്മഹത്യ ചെയ്തതത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ജില്ലാ ഓഫീസ‍ർ പവിത്രൻ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. മേട്രനെതിരായ പരാതി വ്യാജമായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേൽ നടപടി വേണോ എന്ന് തീരുമാനിക്കും.

ജ്യോസ്നയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വൃദ്ധസദനത്തിലെത്തി ജീവനക്കാരുടെയും അന്തേവാസികളുടെയും മൊഴിയെടുത്തു. ആത്മഹത്യയെക്കുറിച്ച് വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. വൃദ്ധസദനത്തിലെ നഴ്‌സ് നൽകിയ പരാതിയിൽ സസ്പെൻഷനിലായി നാല് ദിവസത്തിന് ശേഷമാണ് ജ്യോസ്ന ജീവനൊടുക്കിയത്. വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാൻ നിർബന്ധിച്ചു എന്ന് കാണിച്ചാണ് മേട്രനായ ജ്യോസ്നക്കെതിരെ നഴ്‌സ് പരാതി നൽകിയത്. വൃദ്ധ സദനത്തിലെ സൂപ്രണ്ടിനേയോ മറ്റ് മുതി‍ർന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെയായിരുന്നു താൽക്കാലിക ജീവനക്കാരിയായ നഴ്സ് പരാതി തിരുവന്തപുരത്തേക്ക് അയച്ചത്.

ആറാം തീയതി പരാതി അയച്ചതിന് പിന്നാലെ തന്നെ എട്ടാം തിയതി മേട്രനെ സസ്പന്റ് ചെയ്ത് അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബാ ജോർജ് ഐഎഎസ് ഉത്തരവിട്ടു. സാമൂഹൂക നീതിവകുപ്പ് ജില്ലാ ഓഫീസർ പവിത്രൻ തൈക്കണ്ടിയാണ് താൽക്കാലിക ജീവനക്കാരിയായ നഴ്സിനെ സ്വാധീനിച്ച് തിരുവനന്തപുരത്തേക്ക് പരാതി അയപ്പിച്ചത് എന്നാണ് ജ്യോസ്നയുടെ കുടുംബം ആരോപിക്കുന്നത്. പവിത്രൻ മൂന്നു വർഷം മുൻപ് ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു . ആ മുൻവൈരാഗ്യമാണ് പവിത്രൻ തീർത്തത് എന്നാണ് ജ്യോസ്നയുടെ കുടുംബം പറയുന്നത്. എന്നാൽ മേട്രന്റെ സസ്പെന്ഷനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു പവിത്രന്റെ മറുപടി.

Top