കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം; സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സിബിഐ അന്വേഷണം വരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഫീസ് വിവരങ്ങള്‍ അടങ്ങിയ ഫയല്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശം പ്രവേശനമേല്‍നോട്ട സമിതിക്കാണ്.

അതേസമയം കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇത് നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കൂവെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top