കണ്ണൂരില്‍ മാവോയിസ്റ്റുകളെത്തിയ സംഭവം ; അന്വേഷണ ചുമതല മൂന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക്

maoist

കണ്ണൂര്‍: കണ്ണൂരിലെ അമ്പായത്തോട് എത്തിയ മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി മൂന്ന് ജില്ലാ പൊലീസ് മേധാവികളെ നിയോഗിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹറ, വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച്ച കണ്ണൂര്‍ അമ്പായത്തോട് ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ എത്തി പ്രകടനം നടത്തിയിരുന്നു. ഈ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് തിരയുന്ന സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച എത്തിയത്. രാമു, കീര്‍ത്തി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.

അതേസമയം ഇന്ന് വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നു. സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

Top