വടക്കന്‍ കേരളത്തില്‍ മഴ ശക്തം ; മൂന്ന് ജില്ലകളില്‍ ജാഗ്രത തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കണ്ണൂര്‍ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരം റൂട്ടില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

കാസര്‍കോട് വെള്ളരിക്കുണ്ട് കനപ്പള്ളിയില്‍ വീട് തകര്‍ന്ന് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയില്‍ ഇതുവരെ 120 വീടുകള്‍ പൂര്‍ണ്ണമായും മൂന്ന് വീട് ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. വടകര വലിയപള്ളിയില്‍ വെള്ളംകയറിയതിനെതുടര്‍ന്ന് 10 ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി.

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ 90 പേരെ രണ്ടു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇരിട്ടി മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി.

മലപ്പുറം ജില്ലയിലെ മലയോര മേഖലയിലാണ് കനത്ത മഴയാണ് ഇപ്പോഴും. ജില്ലയിലെ തീരദേശ മേഖലയില്‍ കടല്‍ കരയിലേക്ക് കയറി. ചലിയാറിലെ ജലനിരപ്പും ഉയര്‍ന്നു.

Top