കണ്ണൂരിലെ ജാര്‍ഘണ്ഡ് സ്വദേശിനിയുടെ മരണം, കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ കോളയാടില്‍ ആര്യപറമ്പ് എസ്റ്റേറ്റിലെ ജീവനക്കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ജാര്‍ഘണ്ഡ് സ്വദേശിനിയായ മംമ്ത കുമാരിയെ സുഹൃത്ത് യോഗേന്ദ്ര മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുമ്പാണ് കോളയാടുള്ള ആര്യപറമ്പ് എസ്റ്റേറ്റിലെ ജീവനക്കാരി മംമ്ത കുമാരിയെ താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന മംമ്ത രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു കൂടെ താമസിച്ചിരുന്ന യോഗേന്ദ്ര പൊലീസിനോട് പറഞ്ഞത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മംമ്തയുടെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതും , വാരിയെല്ലിലെ പൊട്ടലും, കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ് മരണത്തിന് കാരണമായത്. യോഗേന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്തതപ്പോള്‍ ഇയാള്‍ മംമ്തയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് തെളിഞ്ഞു.

എസ്റ്റേറ്റിലുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയും യോഗേന്ദ്രെക്കെതിരെ മൊഴി കൊടുത്തിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് മംമ്തയെ ജാര്‍ഖണ്ഡില്‍ നിന്ന് കോളയാടുള്ള എസ്റ്റേറ്റില്‍ കൊണ്ടുവന്നത്. യോഗേന്ദ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

Top