വിമാന കമ്പനികളുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച ഫലം കണ്ടു; കണ്ണൂരില്‍ നിന്നുള്ള വിമാന നിരക്ക് കുറഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്ക് കമ്പനികള്‍ കുറച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമേ മറ്റ് വിമാനകമ്പനികളും നിരക്ക് കുറച്ചിട്ടുണ്ട്. കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്പനി സിഇഒമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് കുറച്ചത്.

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നെങ്കില്‍. കണ്ണൂര്‍ അബുദാബി റൂട്ടില്‍ 6099 രൂപ മുതലാണ് ഇപ്പോള്‍ ഗോ എയര്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് നിരക്ക് 7999 രൂപ മുതലാണ്.കണ്ണൂര്‍ മസ്‌ക്കറ്റ് റൂട്ടില്‍ 4999 രൂപ മുതലും, മസ്‌ക്കറ്റ് കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈറ്റിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

Top