കണ്ണൂരില്‍ വളണ്ടിയറായി സയനോര, സന്തോഷ് കീഴാറ്റൂര്‍, സികെ വിനീത് തുടങ്ങിയ പ്രമുഖര്‍

കണ്ണൂര്‍: കണ്ണൂരില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി പദ്ധതിയില്‍ വളണ്ടിയര്‍മാരായി നടന്‍ സന്തോഷ് കീഴാറ്റൂരും ഫുട്‌ബോള്‍ താരം സികെ വിനീതും ഗായിക സയനോര ഫിലിപ്പും അടക്കമുള്ള പ്രമുഖര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ തുടങ്ങിയ കോള്‍ സെന്ററില്‍ സേവനം നടത്താനാണ് ഇവരെത്തുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന സഹായ കേന്ദ്രമാണിത്. ഇവര്‍ നല്‍കിയ നമ്പരുകളിലേക്ക് വിളിച്ചാല്‍ പലചരക്ക് സാധനങ്ങളും പച്ചക്കറികളും മരുന്നും വീട്ടിലെത്തും. ഇതിനായി സജ്ജമാക്കിയ കോള്‍ സെന്ററിലാണ് വളണ്ടിയറായി ഇവരെത്തുന്നത്.

നടന്‍ സന്തോഷ് കീഴാറ്റൂരും ഫുട്‌ബോള്‍ താരം സി.കെ വിനീതും ഗോകുലം എഫ്.സിയുടെ വനിതാ ടീം പരിശീലക പ്രിയയും ഗായിക സയനോര ഫിലിപ്പുമൊക്കെ കോള്‍ സെന്ററിന്റെ ഭാഗമായി. ഇവര്‍ക്കൊപ്പം മന്ത്രി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാ ജഡ്ജി ടി. ഇന്ദിര തുടങ്ങിയ നിരവധി പ്രമുഖരും കോള്‍ സെന്ററില്‍ സന്നദ്ധ സേവനത്തിനെത്തിയിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതല്‍ സി.കെ വിനീത് ഇവിടെ വളണ്ടിയറായുണ്ട്. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഫോണില്‍ വിളിച്ച് പറയുകയോ അയച്ചു കൊടുക്കുകയോ ചെയ്യാം. 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും യുവജനക്ഷേമ ബോര്‍ഡിന്റെയും സഹായത്തോടെയാണ് ഹോം ഡെലിവറി സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Top