kannur-greenfield-airport

kannur airport

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി. വ്യോമസേനയുടെ ചെറു വിമാനമാണ് വിമാനത്താവളത്തില്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്.
വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. റണ്‍വേ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്.

വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക വിവരം.

കഴിഞ്ഞ ഡിസംബറില്‍ ആദ്യ പരീക്ഷണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 2014 ല്‍ എകെ ആന്റണി തറക്കല്ലിട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചതിലും വൈകിയാണ് ഭാഗികമായി പൂര്‍ത്തിയായത്. 2015 ഡിസംബറില്‍ ആദ്യ പരീക്ഷണ പറക്കല്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം ഉണ്ടായതെങ്കിലും പിന്നെയും രണ്ടു മാസം വൈകിയാണ് പരീക്ഷണ പറക്കലിനുള്ള തീരുമാനമുണ്ടായത്.

എന്നാല്‍ റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയാകാതെ ധൃതിപിടിച്ച് പരീക്ഷണ പറക്കല്‍ നടത്തിയതിനു പിന്നില്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണെന്ന് ആരോപിച്ച് സിപിഐഎം വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ല പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു.

Top