സിപിഎം പാർട്ടി കോൺഗ്രസ്; ഇന്ന് സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്ന് നടക്കും. ഇന്നലെ റിപ്പോർട്ട് അവതരിപ്പിച്ച പ്രകാശ് കാരാട്ട് 1964 നു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് വ്യക്തമാക്കി. പുതിയ നേതൃത്വത്തെ വാർത്തെടുക്കാൻ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടു വരുമെന്നും കാരാട്ട് അറിയിച്ചു. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പുതിയ പിബി, സിസി അംഗങ്ങളുടെ ആലോചനയും ഇന്ന് നടക്കും. കേരളത്തിൽ നിന്ന് എ വിജയരാഘവനോ എ കെ ബാലനോ പിബിയിലെത്താൻ സാധ്യതയുണ്ട്.

കോൺഗ്രസുമായി ദേശീയ രാഷ്ട്രീയസഖ്യമില്ലെന്ന അടവുനയം തുടരാനാണ് സിപിഎം പാർട്ടി കോൺഗ്രസിലെ തീരുമാനം. കോൺഗ്രസുമായുള്ള അകലം എത്രയാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കണമെന്ന കേരളത്തിൻറെ നിലപാട് അംഗീകരിച്ചില്ല. ദേശീയതലത്തിൽ വിശാല കൂട്ടായ്മ എന്ന നിർദ്ദേശമാണ് സിപിഎം പാർട്ടി കോൺഗ്രസ് രണ്ടു ദിവസം ചർച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മയിൽ കോൺഗ്രസിൻറെ പങ്ക് എന്ത് എന്നതിൽ ചില അവ്യക്തത ബാക്കിയാക്കിയാണ് പാർട്ടി കോൺഗ്രസ് ചർച്ചയും അവസാനിക്കുന്നത്. വിശാല കൂട്ടായ്മയിൽ ചേരാൻ വർഗ്ഗീയതയോട് സന്ധി ചെയ്യുന്ന നയം തിരുത്തണം. എന്നാൽ സമരങ്ങളിൽ കോൺഗ്രസിനൊപ്പം ഉണ്ടാകില്ല എന്ന് സിപിഎം പറയുന്നില്ല. അതായത് കോൺഗ്രസുമായി ഒരു സഹകരണവും വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല.

കേരള ബദലിന് ദേശീയതലത്തിൽ പ്രചാരണം നല്കാൻ തീരുമാനിച്ച സിപിഎം എന്നാൽ ഇത് രാഷ്ട്രീയ അടവുനയത്തിൻറെ ഭാഗമാക്കിയില്ല. ഹിമാചൽപ്രദേശ് കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവർ കേരള മാതൃക ദേശീയ ബദലായി ഉയർത്തിക്കാട്ടണം എന്ന നിർദ്ദേശം മുന്നോട്ടു വച്ചു. അരവിന്ദ് കെജ്രിവാൾ ദില്ലി മാതൃക മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കുന്നു. പാർട്ടി കേരള മാതൃക ഉയർത്തിക്കാട്ടാൻ മടിക്കരുത് എന്നാണ് നിർദ്ദേശം. പാർട്ടിയുടെ വളർച്ചയ്ക്കുള്ള പ്രചാരണത്തിൽ ഇതും ഉൾപ്പെടുത്താനാണ് തീരുമാനം.

Top