കേരളത്തില്‍ കൊവിഡ് അതിതീവ്ര മേഖലയായി കണ്ണൂര്‍; രോഗികളുടെ എണ്ണത്തിലും വര്‍ധനവ്

തിരുവനന്തപുരം: കൊവിഡ്19 അതിതീവ്ര ഹോട്ട്‌സ്‌പോട്ടായ കണ്ണൂരില്‍ നിലവില്‍ ചികിത്സയിലുള്ളത് 52 പേരെന്ന് കണക്ക്. ഇതില്‍ രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറ് പേരും കണ്ണൂരില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായ കണ്ണൂരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ പോയ ഒരു മാസത്തോളം കര്‍ശനമായ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടിയെങ്കിലും അതിനിപ്പോള്‍ ഫലം കണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരിലുള്ളതിലും കൂടുതല്‍ പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ടായിരുന്നത് കാസര്‍കോടാണ്. എന്നാല്‍ ഇവിടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരെല്ലാം അതിവേഗം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥയുണ്ട്. ഇന്ന് പരിശോധന ഫലം നെഗറ്റീവായ 21 കൊവിഡ് രോഗികളില്‍ 19 പേരും കാസര്‍കോട് സ്വദേശികളാണ്.

കഴിഞ്ഞ ദിവസങ്ങളിലും ഒരുപാട് പേര്‍ കാസര്‍കോട് നിന്നും രോഗമുക്തി നേടിയിരുന്നു. നിലവില്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ മാത്രമാണ് പത്തിലേറെ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത്. കണ്ണൂര്‍ (52), കാസര്‍കോട് (25), കോഴിക്കോട് (13). മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ ആറ് പേര്‍ വീതം ചികിത്സയിലുണ്ട്. അഞ്ച് പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാളും ചികിത്സയിലുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളെ കൂടാതെ ഇന്ന് ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമായ ജില്ലകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Top