പണത്തിനും ‘പരുന്തിനും’ മീതെയാണ്, കണ്ണൂരിലെ ഈ കമ്യൂണിസ്റ്റ് പറന്നത് !

ചുവപ്പ് സ്വപ്നം നെഞ്ചേറ്റുന്ന ഏതൊരാൾക്കും കണ്ണൂരിലെ ജനാർദ്ദൻ എന്ന കമ്യൂണിസ്റ്റ് ഇപ്പോൾ വലിയ ആവേശമാണ്. ‘വാക്‌സിന്‍ ചലഞ്ചില്‍’ രണ്ട് ലക്ഷം നല്‍കിയ ഈ ബീഡിത്തൊഴിലാളി ഏറെ വൈകിയാണ് പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാതൃഭൂമി ന്യൂസും കൈരളിയും തേടിപ്പിടിച്ച് പരിചയപ്പെടുത്തി എന്നു പറയുന്നതാവും കൂടുതൽ ശരി. ഏതോ ഒരു വ്യക്തി തൻ്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എന്ന വാർത്തക്ക് ചില കൂട്ടി ചേർക്കലുകളാണ് ചാനലുകൾ ഇവിടെ നടത്തിയിരിക്കുന്നത്.അതിൽ പ്രധാനം ബീഡി തൊഴിലാളിയായ ജനാർദ്ദൻ ഒരു കമ്യൂണിസ്റ്റാണ് എന്നതാണ്.

സ്വന്തം അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന 2,00850 രൂപയിൽ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ജനാർദ്ദനെ പ്രേരിപ്പിച്ചതിനു പിന്നിൽ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളാണുളളത്. അതാകട്ടെ അദ്ദേഹത്തിൻ്റെ വാക്കുകളിലും പ്രകടവുമാണ്. താനൊരു കമ്യൂണിസ്റ്റുകാരനാണ് എന്നതിൽ അഭിമാനിക്കുന്ന ജനാർദൻ അതേസമയം നൂറുശതമാനം കമ്യൂണിസ്റ്റ് ആയിട്ടില്ലന്നും തുറന്നു പറയുകയുണ്ടായി.

അദ്ദേഹത്തിൻ്റെ സ്വയം വിലയിരുത്തലിൽ അമ്പതു ശതമാനമേ ആയിട്ടുള്ളൂ എന്ന് വ്യക്തം.”അതെന്താ ഈ കുറവ് “എന്ന ചോദ്യത്തിന് മാധ്യമ പ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തിയ മറുപടിയാണ് ജനാർദ്ദൻ നൽകിയിരിക്കുന്നത്. “ഒരു കമ്യൂണിസ്റ്റുകാരൻ എന്നു പറയുമ്പോൾ സ്വന്തം ജീവൻ തന്നെ പാർട്ടിക്കു വേണ്ടി ദാനം ചെയ്യണം എന്ന കാഴ്ചപ്പാടാണുള്ളത് പക്ഷെ താൻ ജീവനൊന്നും കൊടുത്തിട്ടില്ലന്നും എന്നാൽ അതിനുള്ള സാഹചര്യം ഉണ്ടായാൽ തീർച്ചയായും ജീവനും പാർട്ടിക്കു വേണ്ടി കൊടുക്കുമെന്നതുമാണ് ” അദ്ദേഹത്തിൻ്റെ ഉറച്ച നിലപാട്. സി.പി.എമ്മിനോട് അത്രയ്ക്കും വലിയ കൂറാണ് ഈ കമ്യൂണിസ്റ്റിനുള്ളത്.

36 വർഷത്തോളം ദിനേശ് ബീഡി സഹകരണ സംഘത്തിൽ ജോലി ചെയ്ത ജനാർദനൻ ദിനേശിൽനിന്ന് വിട്ടിട്ട് ഇപ്പോൾ 10-12 വർഷത്തോളമായി. വീട്ടിലിരുന്നാണ് നിലവിൽ അദ്ദേഹം ജോലി ചെയ്തു വരുന്നത്. ആഴ്ചയിൽ 3000-3500 ബീഡികളാണ് തെറുക്കുന്നത്. ഇതിൽ നിന്നും ആയിരം രൂപയോളമാണ് സമ്പാദ്യം ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റി ഒക്കെ ചേർന്ന തുകയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. ആ തുകയിൽനിന്നാണ് രണ്ടുലക്ഷം രൂപ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനാർദൻ സംഭാവന ചെയ്തിരിക്കുന്നത്.

ആരെങ്കിലും പറഞ്ഞിട്ടാണോ ഇത്ര വലിയ തുക സംഭാവന നൽകിയതെന്ന ചോദ്യത്തിന് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് താൻ ഈ കാര്യം ചെയ്തതെന്നായിരുന്നു മറുപടി. കേന്ദ്ര സർക്കാർ വാക്സിന് നിശ്ചയിച്ച വില കേരളത്തിന് താങ്ങാൻ പറ്റുന്നതിൽ അപ്പുറമാണെന്നും ജനാർദ്ദനൻ ചൂണ്ടിക്കാട്ടുകയുണ്ടായി. നൂറ് രൂപ സംഭാവന നൽകിയാൽ പോലും അത് പുറം ലോകം അറിയണമെന്ന് ആഗ്രഹിക്കുന്ന ‘പ്രാഞ്ചിയേട്ടൻമാരുടെ’ നാട്ടിൽ തികച്ചും വേറിട്ട വ്യക്തിത്വമാണ് ഈ കമ്യൂണിസ്റ്റിനുള്ളത്.

വാക്സിൻ ചലഞ്ച് ആരംഭിച്ച ഉടനെ തന്നെ 2 ലക്ഷം രൂപ സംഭാവന നൽകിയ ജനാർദൻ തൻ്റെ പേരു വെളിപ്പെടുത്തരുതെന്ന അഭ്യർഥനയും ബാങ്ക് അധികൃതർക്കു മുന്നിൽ മുന്നോട്ട് വെയ്ക്കുകയുണ്ടായി. എന്നാൽ ഈ നല്ലമനസ്സിന്റെ ഉടമയെ കണ്ടെത്തേണ്ടത് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് മാതൃഭൂമി കൈരളി ന്യൂസ് റിപ്പോർട്ടർമാർ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ടൗണിൽ താമസിക്കുന്ന ജനാർദനെ കണ്ടെത്തിയിരിക്കുന്നത്.

നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ആളാണ് ജനാർദൻ.ഭിന്നശേഷിക്കാരനുമാണ്. ഇടതു ചെവി തീരെ കേൾക്കുകയുമില്ല. വലതുചെവിക്കാകട്ടെ രണ്ട് ഓപ്പറേഷൻ കഴിഞ്ഞതുമാണ്. രണ്ടു വട്ടം ടി.ബിയും അദ്ദേഹത്തിനു വന്നിട്ടുണ്ട്. കേരള സർക്കാരിന്റെ ചികിത്സ മൂലമാണ് താൻ രക്ഷപ്പെട്ടത് എന്ന് പറയുന്ന ജനാർദൻ അതിനുള്ള ഒരു നന്ദി കൂടിയാണ് അവസരം വന്നപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്.

ഇത് രാജ്യത്തിന് തന്നെ നൽകുന്നത് വലിയ ഒരു സന്ദേശമാണ്. കേന്ദ്രം കൈവിട്ടാലും കേരള സർക്കാറിനെ ജനങ്ങൾ കൈവിടില്ലന്ന ഉറപ്പു കൂടിയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ ഒഴുകി എത്തുന്ന കോടികളിൽ ഇതു പോലെ നിരവധി ജനാർദൻമാരുടെ വിയർപ്പിൻ്റെ മണമുള്ള കറൻസികളുണ്ട്. അവരാരും തന്നെ പൊതു സമൂഹത്തിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കാത്തവരാണ്. അത്തരം മനസ്സുകളുടെ പിന്തുണയാണ് പിണറായി സർക്കാറിൻ്റെയും കരുത്ത്. ഓഖിയെയും നിപ്പയെയും രണ്ടു പ്രളയത്തെയും അതിജീവിച്ച കേരളം കോവിഡിനെയും ഇനി അതിജീവിക്കുക തന്നെ ചെയ്യും. അക്കാര്യവും ഉറപ്പാണ്.

Top