പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം; വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷണര്‍

കണ്ണൂര്‍: കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം വിശദമായി അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ അജിത് കുമാര്‍ പറഞ്ഞു. വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന പ്രചരണം തെറ്റാണ്. അപകട കാരണം കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കും. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ എആര്‍ ക്യാമ്പിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ ബാരിക്കേഡ് തകര്‍ത്ത ശേഷമാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന മറ്റൊരു കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രവും തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. ജീപ്പില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു. കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

Top