ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഇടത് സീറ്റില്‍ യു.ഡി.എഫ് വിജയം; കൊടുവള്ളിയിലും നേട്ടം !

udf_kannur

കോഴിക്കോട്: സി.പി.എം കോട്ടയായ കണ്ണൂരില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ച് പ്രതിപക്ഷം നേട്ടമുണ്ടാക്കിയിരിക്കുന്നത്.

കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുള്‍റഷീദിനെ പരാജയപ്പെടുത്തിയത്.

ആകെ പോള്‍ ചെയ്ത 1,138 വോട്ടുകളില്‍ അബ്ദുള്‍ റഷീദിന് 360ഉം പൂക്കോത്ത് സിറാജിന് 742 ഉം ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.കെ.ആനന്ദിന് അഞ്ചും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.സിറാജിന് 31ഉം വോട്ടുകള്‍ ലഭിച്ചു.

യു.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന ടൗണ്‍ വാര്‍ഡ് കഴിഞ്ഞ തവണയാണ് പൂക്കോത്ത് സിറാജിനെ നിര്‍ത്തി എല്‍.ഡി.എഫ് പിടിച്ചത്. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫില്‍ നിന്ന് രാജിവെച്ച് സിറാജ് മുസ്ലീം ലീഗില്‍ ചേര്‍ന്നു. പഞ്ചായത്തംഗത്വം രാജിവെച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കൊടുവള്ളി നഗരസഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് ജയിച്ചു. മുസ്ലിം ലീഗിന്റെ സെറീന റഫീഖ് 97 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോട്ടയം മൂത്തോലി പഞ്ചായത്ത് 13-ാം വാര്‍ഡിലും യുഡിഎഫിനാണ് ജയം. കോണ്‍ഗ്രസിലെ അഡ്വ.ജിസ്‌മോള്‍ തോമസ് 147 വോട്ടിന് ജയിച്ചു.

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയങ്ങള്‍

Top