കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് കിയാല്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനത്തിന് ഇനിയും ഒരുവര്‍ഷത്തിലേറെ കാത്തിരിക്കണമെന്ന് കിയാല്‍.

2018 സെപ്റ്റംബറില്‍ മാത്രമേ വിമാനത്താവളം സജ്ജമാകൂവെന്നാണ് കിയാല്‍ (കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി) സര്‍ക്കാരിനെ അറിയിച്ചത്.

ഒന്‍പത് അനുമതികള്‍ കൂടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയും ലഭിക്കാനുണ്ട്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിര്‍മാണത്തിന്റേതടക്കം പ്രധാന പണികളെല്ലാം 86 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.

എയറോ ഡ്രോം ലൈസന്‍സ്, കസ്റ്റംസുമായുള്ള ധാരണാപത്രം ഒപ്പുവെക്കല്‍, കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍നിന്നുള്ള വയര്‍ലെസ് പ്ലാനിങ് ആന്‍ഡ് കോ ഓര്‍ഡിനേഷന്‍ ക്ലിയറന്‍സ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ക്ലിയറന്‍സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയില്‍ സെക്യൂരിറ്റി ഫോഴ്‌സുമായുള്ള ധാരണാപത്രം ഒപ്പുവെക്കല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് എയര്‍ലൈനുകള്‍ക്കുള്ള അനുമതി, എമിഗ്രേഷന്‍ വകുപ്പുമായുള്ള ധാരണാപത്രം, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് വിമാനത്താവള പ്രവര്‍ത്തനത്തിനുള്ള അനുമതി, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേഷന്‍ ആന്‍ഡ് ഐ.എല്‍.എസ്. പ്രൊസീജിയര്‍ എന്നിവയാണ് ഇനി കിട്ടാനുള്ള അനുമതികള്‍.

പണി മുഴുവന്‍ പൂര്‍ത്തിയാക്കി വിമാനത്താവളം പ്രവര്‍ത്തനസജ്ജമായാല്‍ മാത്രമേ ഇതില്‍ പലതും ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച് സിവില്‍ ഏവിയേഷനില്‍ നിന്നുള്ളവ. പാസഞ്ചര്‍ ടെര്‍മിനലിന്റെ പണിയും അനുബന്ധ പ്രവൃത്തികളുമാണ് പ്രധാനമായും ബാക്കിയുള്ളത്.

എയര്‍ട്രാഫിക് കണ്‍ട്രോള്‍, അകത്തും പുറത്തുമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, സുരക്ഷാക്രമീകരണങ്ങള്‍ എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി വരുന്നത്. റണ്‍വേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ 94 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാര്‍ഗോ കോപ്ലക്‌സ് നിര്‍മാണം, വാണിജ്യ സ്ഥാപനങ്ങള്‍ അനുവദിക്കല്‍, ഹോട്ടല്‍ കാറ്ററിങ് സര്‍വീസ്, വാഹനങ്ങളുടെ പാര്‍ക്കിങ് സംവിധാനം, ബഗേജ് ട്രോളി സംവിധാനം എന്നിവയെല്ലാം ഇനി ഒരുക്കേണ്ടതായിട്ടുണ്ട്.

ഈ വര്‍ഷം സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതനുസരിച്ച് കേന്ദ്രവ്യോമയാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗവും നടന്നിരുന്നു.

എന്നാല്‍, നിര്‍മാണസ്ഥിതി വിലയിരുത്താതെയായിരുന്നു ഇത്. ഇത് വിമര്‍ശനത്തിനിടയാക്കിയതോടെയാണ് ചിട്ടയോടെ പണിതീര്‍ത്ത് അടുത്ത സെപ്റ്റംബറില്‍ വിമാനത്താവളം തുറക്കാനുള്ള ശ്രമം കിയാല്‍ നടത്തുന്നത്.

Top