കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിദിനം 55 ടണ്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് സാധ്യതയെന്ന്

kannur airport

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തെ മലബാറിന്റെ കാര്‍ഗോ ഹബാക്കി മാറ്റുക എന്നതാണ് പ്രധാന നിര്‍മ്മാണ ലക്ഷ്യം. ഇതിനുളള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. കാര്‍ഗോ ഹബ്ബ് യാഥാര്‍ത്ഥ്യമാവുന്നതോടെ ആദ്യവര്‍ഷം പ്രതിദിനം 55 ടണ്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് സാധ്യത കണക്കാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

കാര്‍ഗോ കോംപ്ലക്‌സ്, കോള്‍ഡ് സ്റ്റോറേജ് എന്നിവയുടെ നിര്‍മ്മാണം യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസായികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. 70,000 ടണ്‍ എയര്‍ കാര്‍ഗോ കയറ്റുമതിക്കുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇതില്‍ ആദ്യ വര്‍ഷങ്ങളില്‍ 20,000 ടണ്‍ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. 9300 ടണ്‍ പഴം പച്ചക്കറി, 7300 ടണ്‍ പഴം പരിപ്പ്, 1000 ടണ്‍ മത്സ്യം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന കണക്കുകള്‍.

ഗള്‍ഫടക്കം വിദേശത്തേക്ക് പ്രധാന ഉല്‍പ്പന്നമായി പഴം പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യതയേറുന്നതോടെ കര്‍ഷകര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നുകിട്ടുന്നത്. വടക്കന്‍ കേരളത്തിന്റെ തിരങ്ങളില്‍ നിന്ന് മത്സ്യവും, വയനാട്ടില്‍ നിന്ന് കാപ്പി, തേയില, കോക്കോ എന്നിവയക്കും സാധ്യതയേറും. കോള്‍ഡ് സ്റ്റോറേജ്, കാര്‍ഗോ കോംപ്ലക്‌സ് എന്നിവ തുടക്കത്തില്‍ താല്‍ക്കാലിക സംവിധാനമായാണ് പ്രവര്‍ത്തിക്കുക. കണ്ണൂരിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത കര്‍ഷകരെ വിളിച്ചുചേര്‍ത്ത് ഇതിനായി കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.

വന്‍ നഗരങ്ങള്‍ക്ക് സമാനമായി വിമാനത്താവളത്തിനൊപ്പം റോഡ് , റെയില്‍ ജലഗതാഗത ശൃംഖല വിപുലീകരിക്കുന്നതാണ് വ്യവസായികളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. സഞ്ചാരികള്‍ക്കൊപ്പം പ്ലൈവുഡ്, കൈത്തറി എന്നിവ തേടി വിദേശ വ്യവസായികള്‍ക്ക് കണ്ണൂരില്‍ നേരിട്ടെത്താനാകുമെന്നാണ് വിമാനത്താവള സാധ്യതകള്‍ക്കൊപ്പം ഉയരാന്‍ സംരംഭകരെയും കര്‍ഷകരെയും പ്രാപ്തരാക്കുകയാണ് വെല്ലുവിളി. ആദ്യവര്‍ഷം 10,90,000 അന്താരാഷ്ട്ര യാത്രക്കാരും, 3,90,000 ആഭ്യന്തര യാത്രക്കാരും കണ്ണൂര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്ന് കണക്കാക്കുന്നു.

Top