കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് നടത്താന്‍ തീരുമാനം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് ലൈസന്‍സ് അനുവദിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനമായത്. 3050 മീറ്റര്‍ റണ്‍വേ 4000 മീറ്ററാക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടക്കുകയാണ്. വിമാനത്താവളത്തിനകത്ത് തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.

24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായിട്ടുണ്ട്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇവിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ് ഇവിടെയുള്ളത്.

6 ഏയറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ടാകും. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.

Top