കണ്ണൂരില്‍ അഫ്സ്പ പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ ) പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഫ്സ്പ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പി സദാശിവത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അഫ്സ്പ പ്രഖ്യാപനം പ്രായോഗികമല്ല. അഫ്സ്പ മനുഷ്യത്വ രഹിതമായ നിയമമാണെന്നും ഇതുസംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം നല്‍കിയ മറുപടിയില്‍ പറയുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിആര്‍പിസിയില്‍ വകുപ്പുകളുണ്ട്.

കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള തിരിച്ചടിയില്ല. സമാധാന ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 14 പേര്‍ കൊല്ലപ്പെട്ടു എന്നുപറയുന്നത് തെറ്റാണെന്നും മറുപടിയില്‍ പറയുന്നു.

കോട്ടയത്ത് ബിജെപി കൗണ്‍സിലര്‍മാരെ ആക്രമിച്ച സംഭവത്തിലും രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൃത്യമായ നടപടികളിലൂടെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മുഖ്യന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

കണ്ണൂരില്‍ അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരനടപടി വേണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

കണ്ണൂരില്‍ അക്രമംതടയാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന നേതൃത്വം നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിനൊപ്പമാണ് ഗവര്‍ണര്‍ നിര്‍ദേശം കൈമാറിയത്.

Top