കണ്ണൂരില്‍ അഫ്‌സ്പ നിയമം നടപ്പിലാക്കണമെന്ന് കുമ്മനം രാജശേഖരന്‍

Kummanam rajasekharan

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ നിയമം (സായുധസേന പ്രത്യേകാധികാര നിയമം) നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജില്ലയില്‍ ക്രിമിനലുകളുടെ തേര്‍വാഴ്ച തടയാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുന്നു.

മുഖ്യമന്ത്രിക്കു പോലും നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകള്‍ കണ്ണൂരില്‍ തേര്‍വാഴ്ച നടത്തുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടു. കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് സൈന്യത്തിന് പ്രത്യേകാധികാരങ്ങളുള്ള അഫ്‌സ്പ പ്രയോഗിക്കണം. ഇതിനായി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നും കുമ്മനം വ്യക്തമാക്കി.

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി ദേശീയ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു.

Top