kannur – 3 people injured – explosion

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ വന്‍ സ്‌ഫോടനം. ഇരുനില കെട്ടിടത്തില്‍ സൂക്ഷിച്ച വെടികെട്ട് സാമഗ്രികളാണ് പൊട്ടിതെറിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു പെണ്‍കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വീടുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

ഇന്നലെ രാത്രി 11.20 ഓടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് ഒരു മണിക്കൂര്‍ അകലെ പൊടിക്കുണ്ട് രാജേന്ദര്‍ നഗര്‍ കോളനിയിലാണ് സ്‌ഫോടനം നടന്നത്. ഇരുനില വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്.

ഡൈനാമേറ്റുകളും ഗുണ്ടും പടക്കങ്ങളും അടങ്ങുന്നതായിരുന്നു ശേഖരം. ഉഗ്രസ്‌ഫോടനത്തില്‍ ഞെട്ടിയുണര്‍ന്ന നാട്ടുകാര്‍ അവരവരുടെ വീടുവിട്ട് ഓടുകയായിരുന്നുവെന്ന് പ്രദേശവാസികള് പറയുന്നത്.

സ്‌ഫോടനം നടന്ന വീട് നിലംപരിശായപ്പോള്‍, ചുറ്റുപാടുമുള്ള നാലുവീടും തകര്‍ന്ന നിലയിലാണ്. പരിസര പ്രദേശത്തുള്ള അന്‍പതോളം വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും പൂര്‍ണമായും തകര്‍ന്നു.

കണ്ണൂര്‍ സ്വദേശിയായ അനൂപ് മാലിക്കാണ് വീട് വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ആറ് മാസത്തിലധികമായി ഈ വീട്ടില്‍ സ്‌ഫോടന വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന.

സ്‌ഫോടനത്തില്‍ അനൂപിന്റെ മകള്‍ ഹിമയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹിമയുള്‍പ്പെടെ സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാരമ്പര്യമായി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന അനൂപ്, സ്‌ഫോടനത്തെ തുടര്‍ന്ന് ഒളിവിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ്, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും ആരംഭിച്ചു. ഫയര്‍ഫോഴ്‌സും, സ്‌ഫോടനശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് സംഭവസ്ഥലത്തെ തീയണച്ചത്.

Top