കണ്ണന്താനത്തിന്റെ ഭാര്യ സംഭവമാണ്, ലോക്ക് ഡൗണിലെ ‘കരുണയാണിവർ’

ല്ലത് ആര് ചെയ്താലും, അത്, ഏത് രാഷ്ട്രീയ നേതാവിന്റെ ഭാര്യ ആയാലും,നാം അംഗീകരിക്കുക തന്നെ വേണം. അതിന് കൊടിയുടെ നിറമോ, പ്രത്യേയശാസ്ത്ര പരമായ വിയോജിപ്പുകളോ, ഒരിക്കലും, തടസ്സമാകാൻ പാടില്ല.

ഇവിടെ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത് അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തെയാണ്.

മുൻപ് കോമഡി കഥാപാത്രമായി അവരെ ചിത്രീകരിച്ചവർക്ക്, ഇത് എന്തായാലും വേറിട്ടൊരു അനുഭവമായിരിക്കും

ലോക്ഡൗണില്‍ നമ്മള്‍ വീടുകളില്‍ അടച്ചിരിക്കുമ്പോഴും, മിണ്ടാപ്രാണികളായ പറവകള്‍ക്കും, നായ്ക്കള്‍ക്കും, സംരക്ഷണവും ഭക്ഷണവും നല്‍കി, കാരുണ്യത്തിന്റെ വലിയ പാഠമാണ് ഷീല പകര്‍ന്നു നല്‍കുന്നത്.

ഡല്‍ഹിയില്‍ കണ്ണന്താനത്തിന്റെ ഔദ്യോഗിക വസതിയില്‍, പരുന്തുകളും കാക്കകളുമടക്കം ആയിരത്തോളം പറവകള്‍ക്കാണ്, ഷീല കണ്ണന്താനം ദിവസവും ഭക്ഷണവും വെള്ളവും നല്‍കുന്നത്.

ലോക്ഡൗണില്‍ മാര്‍ക്കറ്റുകളും കടകളും അടഞ്ഞതോടെ, ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായിരുന്നു പറവകള്‍.

തെരുവില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏറ്റെടുത്ത, ആറു നായ്ക്കളെയും കുത്തിവെപ്പും മറ്റും നല്‍കി അവർ സംരക്ഷിക്കുന്നുമുണ്ട്.

ഇവയെല്ലാം വലിയ കാര്യങ്ങളായി കൊട്ടിഘോഷിക്കാനൊന്നും ഷീല എന്തായാലും മെനക്കെട്ടിട്ടില്ല.

“ദൈവം മനുഷ്യര്‍ക്ക് വലിയ സ്നേഹം നല്‍കുന്നു, ആ സ്നേഹത്തിന്റെ ഒരു പങ്ക് ഭൂമിയുടെ അവകാശികളായ മറ്റു ജീവികള്‍ക്കും പകര്‍ന്നു നല്‍കുന്നു” ഇതാണ് അവരുടെ നിലപാട്.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഡല്‍ഹിയിലെ വസതി ഇപ്പോള്‍, തെരുവില്‍ ഉപേക്ഷിക്കപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന, മൃഗങ്ങളുടെ രക്ഷാ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്.

വന്‍ വില നല്‍കി, വളര്‍ത്തു നായ്ക്കളെ വാങ്ങി മേനി നടിക്കുന്ന, ഏർപ്പാടല്ലയിത്.

തെരുവില്‍ പരിക്കേറ്റും, ഉപേക്ഷിക്കപ്പെട്ടും കഴിയുന്ന നായ്ക്കളെ, ഏറ്റെടുത്ത് പരിപാലിക്കുന്ന, കാരുണ്യമാണ്, ഷീല ഇവിടെ പകര്‍ന്നു നല്‍കുന്നത്.

പലതിനെയും മരണത്തിന്റെ വക്കില്‍ നിന്നാണ് ഷീല രക്ഷിച്ചെടുത്തിരിക്കുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റതടക്കം, ആറു നായ്ക്കളാണ് ഇപ്പോള്‍ ഷീല കണ്ണന്താനത്തിന്റെ കാരുണ്യത്തില്‍ പുതുജീവന്‍ നേടിയിരിക്കുന്നത്.

പൂച്ചകളും തത്തയും ഇക്കൂട്ടത്തിലുണ്ട്.ഇതിനു പുറമെ, വാഹനാപകടത്തില്‍ മരിച്ച തെരുവ്പട്ടിയുടെ കുട്ടികളെയും കണ്ടെടുത്ത് അവർ സംരക്ഷിക്കുന്നുണ്ട്.

തന്നെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരോടൊന്നും പ്രതികരിക്കാന്‍ ഷീല കണ്ണന്താനത്തിന് നിലവിൽ സമയമില്ല. അവരുടെ ശ്രദ്ധ മുഴുവനിപ്പോൾ ഈ മിണ്ടാപ്രാണികളിലാണ്.

“എന്നെ അറിയുന്നവര്‍ക്കെല്ലാം ഞാന്‍ എങ്ങിനെയാണെന്നും, ആരാണെന്നുമറിയാം, അത് ലോകംമുഴുവന്‍ പാടിനടക്കേണ്ടകാര്യമില്ലെന്നതാണ് ” ഷീലയുടെ നിലപാട്.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍, വീട്ടിലെത്തിയ മലയാളം ചാനലുകാരോടുള്ള ഷീല കണ്ണന്താനത്തിന്റെ പ്രതികരണം, അവര്‍ക്കെതിരെ ട്രോള്‍ മഴയായാണ് മുൻപ് മാറിയിരുന്നത്. കോട്ടയത്തെ ഒരു സാധാരണ വീട്ടമ്മയുടെ ഭാഷാ ശൈലിയിലായിരുന്നു ഷീലയുടെ പ്രതികരണം. ഇതൊന്നും ചാനലില്‍ വരില്ല എന്ന ഉറപ്പില്‍ തന്നെയാണ് അവര്‍ പ്രതികരിച്ചിരുന്നതും. എന്നാല്‍ മാധ്യമ മര്യാദ മറന്ന്, ചാനല്‍ അത് സംപ്രേക്ഷണം ചെയ്തതോടെ, ഷീല കണ്ണന്താനം മലയാളിയുടെ അവഹേളനത്തിന് ഇരയാവുകയായിരുന്നു.

റീമിക്സ് ഗാനമായും മൊബൈല്‍ റിങ് ടോണ്‍ വരെയായും ഷീല കണ്ണന്താനത്തിന്റെ ട്രോളുകളും പിറന്നു.പലതും സഭ്യതയുടെ അതിരു ലംഘിക്കുന്ന തരത്തിലേക്ക് തരം താഴുകയും ചെയ്തിരുന്നു.ഈ അപഹസിക്കലെല്ലാം വേദനാജനകമായിരുന്നെങ്കിലും അവർ സഹിക്കുകയായിരുന്നു.

ഷീലയെ ഡബ് മാഷിലൂടെ അവഹേളിച്ച യുവതിയോട്, നിങ്ങളുടെ കുടുംബത്തിനാണ് ഇങ്ങിനെ ഒരു അവസ്ഥയെങ്കിലോ ? എന്ന മറു ചോദ്യവും ഷീല ഉയര്‍ത്തിയിരുന്നു.

പിന്നീട് അതേ യുവതിയുടെ മാതാവ് തന്നെ, സോഷ്യല്‍ മീഡിയയിൽ അപഹാസത്തിനിരയാവുന്നതും നാം കണ്ടു. ആ മാതാവ് പൊട്ടിക്കരഞ്ഞ് ലൈവിലെത്തിയാണ് പ്രതികരിച്ചിരുന്നത്.

കാലത്തിൻ്റെ കാവ്യനീതി കൂടിയായിരുന്നു ആ കാഴ്ചയും.

Express View

Top