കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം കേരളം പുറംകാലുകൊണ്ട് തട്ടിയെന്ന് കണ്ണന്താനം

Kannanthanam

തിരുവനന്തപുരം: ഇല്ലാത്ത സഹായ ജല്‍പനങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കേരളം യഥാര്‍ത്ഥ സഹായം ലഭിച്ചപ്പോള്‍ അതിനെ പുറംകാലുകൊണ്ട് തട്ടിക്കളയുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രളയക്കെടുതിയില്‍ ഉഴലുന്ന ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി കഷ്ട്ടപ്പെടുമ്‌ബോള്‍ ടണ്‍ കണക്കിന് അരി ആര്‍ക്കും വേണ്ടാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ഭരണനിര്‍വഹണത്തിലെ വലിയ പിഴവാണെന്നും കണ്ണന്താനം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഒക്ടോബര്‍ മാസത്തിലേക്ക് അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കാനും സംസ്ഥാനം വിമുഖത കാണിക്കുകയാണ്. ദുരിതബാധിതര്‍ക്ക് അടിയന്തിരമായി അനുവദിച്ച അരി എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നെല്ലും കപ്പയും മാങ്ങയും ചക്കയും പച്ചക്കറികളുമൊക്കെ ആവശ്യത്തിന് ഉത്പാദിപ്പിച്ച് കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങൾ സമൃദ്ധമായി നിറവേറിയോരു കാലമുണ്ടായിരുന്നു. ഇന്ന് പ്രളയക്കെടുതിയിൽ ഒരു കഷ്ണം ബ്രെഡിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു സാഹചര്യം വന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ ഇപ്പോഴും നട്ടം തിരിയുകയാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ 89,540 ടൺ അരി അധികമായി കേരളത്തിന് അനുവദിച്ചത്. ഈ അരി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ എത്തിയിട്ടും ഇതുവരെ അത് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുധനാഴ്ചക്കുള്ളിൽ അരി എടുത്തില്ലെങ്കിൽ അത് നഷ്ട്ടമാകും.

ഇല്ലാത്ത സഹായ ജൽപനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചവർ യഥാർത്ഥ സഹായം ലഭിച്ചപ്പോൾ അതിനെ പുറംകാലുകൊണ്ട് തട്ടിക്കളയുന്ന ഏർപ്പാടാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രളയക്കെടുതിയിൽ ഉഴലുന്ന ജനങ്ങൾ ഒഴിഞ്ഞ വയറുമായി കഷ്ട്ടപ്പെടുമ്പോൾ ടൺ കണക്കിന് അരി ആർക്കും വേണ്ടാതെ കെട്ടിക്കേടക്കുന്ന സാഹചര്യം ഭരണനിർവഹണത്തിലെ വലിയ പിഴവിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒക്ടോബർ മാസത്തിലേക്ക് അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കാനും സംസ്ഥാനം വിമുഖത കാണിക്കുകയാണ്. ദുരിതബാധിതർക്ക് അടിയന്തിരമായി അനുവദിച്ച അരി എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി സംസ്‌ഥാന സർക്കാർ സ്വീകരിക്കണം.

Top